ഏറെ കാലങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസൻ വീണ്ടും സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. ആദിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഹൃദയം ആണ് വിനീത് സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ താരങ്ങളുടെ മക്കൾ ഒന്നിക്കുന്നു എന്നുള്ള പ്രത്യേകത ഈ ചിത്രത്തിന് ഉണ്ട്.
ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുമ്പോൾ നായകനായി എത്തുന്നത് മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ. നായികയായി സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകൾ കല്യാണി പ്രിയദർശൻ. ഗാനം പാടാൻ എത്തിയിരിക്കുന്നത് നടൻ സുകുമാരന്റെ മകൻ പൃഥ്വിരാജ് സുകുമാരൻ.
മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ഓണത്തിനാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഒരുപാട് വർഷങ്ങൾക്ക് ശേഷം പ്രശസ്ത സിനിമാ നിർമ്മാണ ബാനറായ മേറിലാണ്ട് സിനിമാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഈ ബാനറിൽ ഹൃദയം നിർമ്മിക്കുന്നത് വൈശാഖ് സുബ്രഹ്മണ്യമാണ്.
ഹിഷാം അബ്ദുൽ വഹാബ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിൽ സംഗീതത്തിന് വലിയ പ്രധാന്യമുണ്ട്. നോബിൾ ബാബു തോമസ് സഹനിർമ്മാതാവായി എത്തുന്ന ഈ ചിത്രം ഈ വർഷം ഏപ്രിലിൽ ആരംഭിച്ചു ഓണം റിലീസ് ആയി എത്തും എന്നാണ് പ്രഖ്യാപന വേളയിൽ പറഞ്ഞത്. റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നും ഉള്ള മുഖം വ്യക്തമല്ലാത്ത പ്രിത്വിരാജിന്റെ ചിത്രം പങ്കുവെച്ച വിനീത്. ഇത് ആരാണെന്നു മനസിലായോ എന്നും ആരോധകരോടായി ചോദിച്ചിരുന്നു.