Loading...
Cinema Entertainment Review

നരൻ ഒരു ആരാധകന്റെ കുറുപ്

Written by David John

നരൻ…. കടുത്ത ലാലേട്ടൻ ആരാധകർക്കിടയിലെ സംവാദങ്ങളിൽപ്പോലും അധികമാരും പറഞ്ഞു കേൾക്കാത്ത ഒരു സിനിമ. നരസിംഹവും ആറാംതമ്പുരാനും ദേവാസുരവും രാവണപ്രഭുവും സ്ഫടികവുമെല്ലാം അവരുടെ സംസാരങ്ങൾക്കിടയിൽ നാഴികയ്ക്ക് നാൽപ്പത് വട്ടം കടന്നു വരുമ്പോഴും നരനെ ഒഴിവാക്കുന്നത് കാണുമ്പോൾ ശരിക്കും സങ്കടം തോന്നാറുണ്ട്. ഇവര് മാത്രമല്ല അധികം ഒരു സിനിമാ ചർച്ചകളിലും ഈ സിനിമയെപ്പറ്റി പറയുന്നത് അങ്ങനെ കേട്ടിട്ടില്ല. പല ഓവർ റേറ്റഡ് കഥാപാത്രങ്ങളേയും പൊക്കി നടക്കുന്നവർ ശരിക്കും ആഘോഷമാക്കേണ്ട വേലായുധനെ മറക്കുന്നു. പല ഓവർ റേറ്റഡ് സിനിമകളും പൊക്കി നടക്കുന്നവർ നരൻ എന്ന ദൃശ്യവിസ്മയത്തെ മനപ്പൂർവം ഒഴിവാക്കുന്നു.

Advertisement

നരൻ എന്നെ സംബന്ധിച്ച് ഒരു അത്ഭുതമാണ്….. ഒരു വിസ്മയമാണ്….. ഒരിക്കൽ പോലും വെറുക്കാത്ത ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടി കൂടി വരുന്ന ഒരു അത്ഭുത ദൃശ്യവിസ്മയം.

പ്രധാന അഭിനേതാക്കൾ മുതൽ ജൂനിയർ ആർട്ടിസ്റ്റുകൾ വരെ മത്സരിച്ച് അഭിനയിച്ച…. തെറ്റി…. ജീവിച്ച ഒരു അത്ഭുത കലാസൃഷ്ടി.

സംവിധാനവും രചനയും ഛായാഗ്രഹണവും എഡിറ്റിങ്ങും സംഗീതവും പശ്ചാത്തല സംഗീതവും ഗാനരചനയും ആക്‌ഷൻ സംവിധാനവും ആർട്ട് ഡിറക്ഷനും എന്നു വേണ്ട ഒരു സിനിമയുടെ A to Z ഘടകങ്ങളും ഒന്നിനൊന്ന് മികച്ചു നിന്ന അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു സിനിമാനുഭവമാണ് നരൻ.

മുള്ളൻങ്കൊല്ലി വേലായുധനാണ് എന്റെ സൂപ്പർ ഹീറോ ആ സ്ഥാനത്തേയ്ക്ക് പൂവള്ളി ഇന്ദുചൂഢനേയോ കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാനേയോ മംഗലശ്ശേരി നീലകണ്ഠനേയോ മംഗലശ്ശേരി കാർത്തികേയനേയോ ആടുതോമയേയോ ഒന്നും കൊണ്ടുവരാനും പ്രതിഷ്ഠിക്കാനും എനിക്ക് ഇഷ്ടമല്ല.

വേലായുധൻ അമാനുഷികനല്ലാത്ത സൂപ്പർ ഹീറോയാണ് അതാണ്‌ അയാളുടെ തിളക്കവും. വേലായുധന് വിദ്യാഭ്യാസമില്ല പക്ഷേ മറ്റുള്ളവരേക്കാൾ അറിവുള്ളവനാണ് വേലായുധൻ. ഒരു ജനതയുടെ പ്രശ്നങ്ങളിൽ അവരേക്കാൾ വ്യാകുലപ്പെടുന്ന വ്യക്തി. അവരുടെ സങ്കടങ്ങളിൽ അവരേക്കാൾ കൂടുതൽ കണ്ണീരൊഴുക്കുന്നവൻ…. അവരുടെ സന്തോഷങ്ങളിൽ അവരേക്കാൾ കൂടുതൽ ആഹ്ലാദിക്കുന്നവൻ.

വേലായുധൻ നിഷ്കളങ്കതയുടെ പര്യായമാണെന്ന് കാണിച്ചു തന്ന ഒരു രംഗമായിരുന്നു പോലീസ് സ്റ്റേഷൻ രംഗം. Si അവിടെ ചെന്ന് ഇരിക്കാൻ പറയുമ്പോൾ ഒരു മൂലയ്ക്ക് ചെന്നിരിക്കുന്ന വേലായുധന്റെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങൾ കണ്ടാൽ ഏതൊരു വ്യക്തിക്കും കൊച്ചു കുഞ്ഞുങ്ങളെ താലോലിക്കുന്നത് പോലെ ആ കവിളത്ത് നുള്ളാൻ തോന്നും അത്രയേറെ മനോഹരമാണ് ആ രംഗം.

വേലായുധൻ എത്രത്തോളം ശുദ്ധനും പാവവുമാണെന്ന് കാണിച്ചു തന്ന ഏറ്റവും വലിയ ഉദാഹരണം വലിയ നമ്പ്യാർ കുന്നുമ്മൽ ശാന്തയുടെ വീട്ടിലെ കിടപ്പ് മതിയാക്കാൻ പറഞ്ഞപ്പോൾ അവിടെ നിന്നും ഇറങ്ങി വരുന്ന രംഗമാണ്. ആ സമയത്ത് വേലായുധൻ കുന്നുമ്മൽ ശാന്തയോട് പറയുന്ന ഡയലോഗ് ശരിക്കും ഹൃദയത്തെസ്പർശ്ശിക്കുന്ന തരത്തിലാണ്

“വഴിപിഴച്ചു പോയ ഒരു പെണ്ണിനെ സംരക്ഷിക്കുക….. അവളെ നേർവഴിക്ക് നടത്തുക അതൊക്കെ നാട്ടുകാരുടെ കണ്ണിൽ വലിയ തെറ്റാ ശാന്തേ….. വേലായുധൻ പൊട്ടൻ അതൊന്നും അന്നേരം അറിയില്ലായിരുന്നു ”

അത്രമേൽ ഹൃദയസ്പർശ്ശിയായ രംഗമായിരുന്നു അത്.

വേലായുധൻ ശക്തനാണ് അവനെ പരാജയപ്പെടുത്താൻ പല നാട്ടിൽ നിന്നും പലരും വന്നിട്ടും അവനെ തല്ലി തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. തന്റെ ധൈര്യം കൊണ്ടും ശക്തികൊണ്ടും ആ നാടിന്‌ സംഭവിച്ചേക്കാവുന്ന പല ദുരന്തങ്ങളും അവൻ ഒഴിവാക്കുന്നു.

പുറമെ മുരടനായി നടിച്ച് സ്നേഹം ഉള്ളിലൊതുക്കി നടക്കുന്നവനാണ് വേലായുധൻ. ആ നാട്ടുകാരോടുള ഉത്തരവാദിത്തവും കരുതലും സ്നേഹവും ചീഞ്ഞ മീനുമായി വരുന്ന മീൻകാരനോട് പറയുന്ന ഡയലോഗിൽ വ്യക്തം. “അല്ലെങ്കിലേ ഇവിടത്തെ പിള്ളേർക്ക് തൂറ്റലും ഛർദിയും ഒഴിഞ്ഞ നേരമില്ല അതിന്റെ കൂടെ അമോണിയം ഇട്ട മീനുകൂടെ ആയാൽ നന്നായി “.

അവന്റെ സ്നേഹം മനസ്സിലാക്കാതെ അവനെ തള്ളിപ്പറയുന്ന ജനതയ്ക്ക് അവൻ എല്ലാറ്റിൽ നിന്നും മാറിനിന്നപ്പോൾ അവന്റെ വില മനസ്സിലാകുന്നു. എല്ലാവരും അവനിൽ അഭയം പ്രാപിക്കുന്നു. ഹാജ്യാരുടെ ഭാഷയിൽ കണ്ണുള്ളപ്പോൾ കാഴ്ച്ചയുടെ വിലയറിയില്ല എന്നത് പോലെ.

നാലാം ക്ലാസ്സിൽ വെച്ചുണ്ടായ വേലായുധന്റെ പ്രണയവും ഹൃദയഹാരിയാണ്.

തന്നെ സഹായിച്ചവരോട് വേലായുധന് എന്നും വലിയ കടപ്പാടും സ്നേഹവുമാണ് കേളപ്പേട്ടനോടുള്ള സ്നേഹം ഉദാഹരണം.

എല്ലാവരേയും സ്നേഹിക്കാൻ മാത്രമറിയുന്ന എല്ലാവർക്കും നല്ലത് വരണമെന്ന് മാത്രം ആഗ്രഹിക്കുന്ന ശക്തനായ നിഷ്കളങ്കനായ ഒരു മനുഷ്യനാണ് വേലായുധൻ. വലിയ നമ്പ്യാർ പറയുന്നത് പോലെ ഒരു വിസ്മയമാണ് വേലായുധൻ. ലീലയുടെ വാക്കിൽ പറഞ്ഞാൽ മുള്ളൻങ്കൊല്ലി മഹാരാജാവ്. അതേ ഒരു നാടിനെ മുൻപോട്ട് കൊണ്ടുപോവാനുള്ള ഒരു രാജാവാകാനുള്ള എല്ലാ ഗുണങ്ങളും ഉള്ളവനാണ് വേലായുധൻ.

ഗുണ്ടായിസം കാണിക്കുന്നവരെ തല്ലി തോൽപ്പിക്കുന്ന ഒരു ജനതയെ മുഴുവൻ സ്വന്തം കുടുംബം പോലെ കണ്ട് അവരെ സംരക്ഷിക്കുന്ന അമാനുഷികനല്ലാത്ത സാധാരണക്കാരുടെ പ്രതിനിധിയായ പച്ചയായ ഈ മനുഷ്യനാണ് ഈ കഥാപാത്രമാണ് എന്റെ സൂപ്പർ ഹീറോ.

വലിയ ആഘോഷമാക്കേണ്ടിയിരുന്നൊരു കഥാപാത്രമാണ് മുള്ളൻങ്കൊല്ലി വേലായുധൻ….. തീർച്ചയായും ഒരുപാട് ചർച്ച ചെയ്യപ്പെടേണ്ട ഒരു അത്ഭുത ദൃശ്യവിസ്മയമാണ്…… അപൂർവ്വമായി മാത്രം സംഭവിക്കൊന്നൊരു സിനിമാനുഭവമാണ് നരൻ.

ഒരു വിസ്മയ ചിത്രം.

-വൈശാഖ്.കെഎം

About the author

David John