മലയാള സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യാൻ ഇനി രണ്ടു മാസത്തിൽ താഴയുള്ള കാത്തിരിപ്പ് മാത്രമേ ഉള്ളൂ. 100 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ്.
മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്. ഐ വി ശശിയുടെ മകൻ അനിൽ ശശിയും പ്രിയദർശനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു വർഷത്തിൽ ഏറെ സമയം എടുത്ത് ചിത്രീകരണം നടത്തേണ്ട മരക്കാർ ഒറ്റ ഷെഡ്യൂളിൽ നൂറു ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.
സാബു സിറിൾ ആണ് കല സംവിധാനം. ബാഹുബലിയുടെ അടക്കം സെറ്റുകൾ ഒരുക്കിയിട്ടുള്ള സാബു സിറിൽ റാമോജി ഫിലിം സിറ്റിയിൽ ആണ് ചിത്രത്തിന് വേണ്ടിയുള്ള കൂറ്റൻ പട കപ്പലുകൾ അടക്കം ഉണ്ടാക്കിയിരിക്കുന്നത്. മാതൃഭൂമി അക്ഷരോത്സവത്തിൽ അതിഥിയായി എത്തിയ മോഹൻലാൽ മരക്കാരെ കുറിച്ച് മനസ്സ് തുറന്നത്.
“കുഞ്ഞാലി മരക്കാര്‍ എനിക്ക് സ്കൂളില്‍ ഒക്കെ പഠിച്ച ഓര്‍മ്മയാണ്. അങ്ങനെ ഒരു സിനിമയും വന്നിട്ടുണ്ട്. സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വര്‍ഷമായി. വിഎഫ്എക്സും മ്യൂസിക്കും സൗണ്ടും ഒക്കെയുള്ള പ്രോസസ് നടക്കുകയായിരുന്നു. മരക്കാര്‍ ഒരുപാട് സാധ്യതകൾ ഉപയോഗിച്ച സിനിമയാണ്.
അത്രയും വലിയൊരു സിനിമയാണ് തമാശ ചിത്രമല്ല മൂന്ന് മണിക്കൂര്‍ ഉള്ള ഇമോഷണല്‍ സിനിമയാണ്. ഒരു വര്‍ഷമൊക്കെ ഷൂട്ട് ചെയ്യേണ്ടത് നൂറ് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആ സിനിമ ഇന്ത്യന്‍ നേവിയ്ക്ക് ആണ് സമര്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ ഒരു പക്ഷേ ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ ആയിരുന്നു കുഞ്ഞാലി മരക്കാര്‍. തീര്‍ച്ചയായും ദേശസ്നേഹം എന്ന് പറയുന്ന പാട്രിയോട്ടിസം ആ സിനിമയില്‍ കാണാം.
ഒരു പക്ഷേ ചരിത്രത്തില്‍ നിന്ന് കുറച്ചൊക്കെ മാറി സഞ്ചരിച്ചിട്ടുണ്ടാകാം. കുഞ്ഞാലി മരക്കാര്‍ ലയണ്‍ ഓഫ് ദ അറേബ്യന്‍ സീ ആയി മാറട്ടെ”. – മോഹൻലാൽ പറയുന്നു.
5000 തീയറ്ററുകളിൽ അഞ്ചോളം ഭാഷകളിൽ ആണ് മരക്കാർ മാർച്ച് 26 ന് എത്തുന്നത്. മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, അർജുൻ, പ്രഭു, സുനിൽ ഷെട്ടി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങി വമ്പൻ താര നിര തന്നെ ചിത്രത്തിനുണ്ട്.